Very Recent Posts

Tuesday 30 August 2016

കൊല്ലണ്ട, പട്ടിക്കെതിരെ കേസെടുത്താൽ മതി!

കൊല്ലണ്ട, പട്ടിക്കെതിരെ കേസെടുത്താൽ മതി!


ക്രമണകാരികളായ പട്ടികളെ കൊല്ലുമെന്ന് മന്ത്രി കെ. ടി. ജലീൽ. അങ്ങനെയൊരു തീരുമാനം മന്ത്രിസഭ എടുത്തിട്ടുണ്ടെങ്കിൽ , അത്‌ നിയമ വിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്നും ദേശീയ മൃഗക്ഷേമ ബോർഡ്‌ ചെയർ മാൻ ഡോ. ആർ. എം. ഖർബ്‌. തെരുവു നായ്ക്കൾക്കെതിരെ മിണ്ടിപ്പോകരുതെന്ന് കേന്ദ്ര ശിശു വികസന വകുപ്പ്‌ മന്ത്രി മേനകാ ഗാന്ധി. കേന്ദ്രം ശബ്ദം ഉയർത്തിയപ്പോൾ കേരളം വാലു ചുരുട്ടി. നായ്ക്കളെ കൊല്ലാൻ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പൊതുജനത്തിനു പ്രസ്താവന യുദ്ധത്തിൽ താൽപ്പര്യമില്ല. മനുഷ്യൻ മനുഷ്യനെ ചീത്തവിളിച്ചാൽ കേസെടുക്കാൻ നിയമമുണ്ട്‌. ആണു പെണ്ണിനെ പതിനാലു സെക്കന്റ്‌ നോക്കിയാലും കേസെടുക്കാമെന്ന് പറയുന്നു. മനുഷ്യക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാർ സംവിധാനങ്ങളാണു മനുഷ്യർക്കെതിരെ കേസെടുക്കുന്നത്‌.



നാട്ടിൽ മൃഗക്ഷേമത്തിനു വേണ്ടിയും സംവിധാനങ്ങളുണ്ട്‌. മൃഗങ്ങൾക്ക്‌ പരിരക്ഷ നൽകുന്ന നിയമം, മൃഗങ്ങൾ അക്രമണകാരികൾ ആകുമ്പോൾ മൗനം പാലിക്കുന്നതിലെ ' മൃഗത്വം ' മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്‌. മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥ അക്രമകാരികളായ മൃഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടേ എന്ന് ഒരറ്റ ചോദ്യം.

കാടിറങ്ങി വന്ന് നാട്ടുകാരനെ കടിച്ച മൂർഖൻ പാമ്പിനേയും, കുത്തിമലർത്തിയ കാട്ടുപന്നിയേയും ജീവനോടെ പിടിച്ച്‌ കാട്ടിൽ കൊണ്ട്‌ വിടണം. അതിൽ മനുഷ്യന്റെ ജീവൻ പോയിട്ടുണ്ടെങ്കിൽ അതവന്റെ കുടുംബത്തിനു പോയി.
തെരുവു നായ്ക്കൾ ഒറ്റയ്ക്കും കൂട്ടമായും അക്രമിക്കാൻ വന്നാൽ , പിഞ്ചു കുഞ്ഞായാലും പടു വൃദ്ധരായാലും അനുനയിപ്പിച്ച്‌ അവകളെ പിന്തിരിപ്പിക്കണം. അല്ലെങ്കിൽ കടികൊണ്ട്‌ ആശുപത്രിയിൽ കിടക്കണം. അതുമല്ലെങ്കിൽ ജീവൻ വെടിഞ്ഞ്‌ പരലോകം പൂകണം. അതാണു മേനകാ ഗാന്ധി പറയാതെ പറഞ്ഞ്‌ വെച്ചതു.

അമ്പത്തി രണ്ടും അറുപത്തി ഏഴും അതിൽ ഏറ്റക്കുറവും വെട്ടുവെട്ടി മനുഷ്യരെ കൊല്ലുന്ന മനുഷ്യക്കുട്ടങ്ങളുണ്ട്‌. ആ മനുഷ്യക്കൂട്ടങ്ങളെ വന്ധ്യംകരണം ചെയ്യണമെന്ന് ഒരു മനുഷ്യസ്നേഹ വകുപ്പധികാരിയും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട്‌ തന്നെ തെരുവു നായ്ക്കളെ വന്ധ്യംകരണം ചെയ്തുകൊണ്ട്‌ അവയുടെ അക്രമ വാസന ഇല്ലായ്മ ചെയ്യാമെന്ന യുക്തി ബോധ്യപ്പെടുന്നുമില്ല.

മനുഷ്യക്ഷേമത്തിനു വേണ്ടിയാണു കേസും ജയിലും തൂക്ക്‌ കയറും ഉണ്ടാക്കിയത്‌. അപ്പോൾ മൃഗക്ഷേമത്തിനു വേണ്ടി അക്രമണകാരികളായ മൃഗങ്ങൾക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ടാകണം, അഥവാ ഉണ്ടാക്കണം. തെരുവ് നായ്ക്കൾ കൊന്നു തള്ളിയ ആടുകളുടെ കണക്കെടുക്കാൻ ഒരു ജുഡീഷ്യൽ കമ്മീഷനുമാകാം.

തെരുവിൽ സംഘം ചേർന്ന് പരസ്പ്പരം കലഹിക്കുന്ന നായ്ക്കൾക്കെതിരെ കേസെടുത്തു കൊണ്ട്‌ , നായ്ക്കൾക്കെതിരെയുള്ള കേസ്‌ പരിപാരിപാടിയുടെ ഉത്ഘാടനം നിർവ്വഹിക്കാം. അതിനു ദേശീയ മൃഗക്ഷേമ വകുപ്പ്‌ ചെയർ മാനേയോ മറ്റോ കൊണ്ട്‌ വരാം.

തിരുവനന്തപുരം പുല്ലുവിളയിൽ അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്ന നായ്ക്കൂട്ടത്തിനു ജീവപര്യന്തം വേണോ വധശിക്ഷ വേണോ എന്ന് ഹൈക്കോടതി തീരുമാനിക്കട്ടെ. സുപ്രീം കോടതി വിധിക്ക്‌ ശേഷം നായ്ക്കൂട്ടത്തിനു മാപ്പ്‌ നൽകണമോ എന്ന് രാഷ്ട്രപതിയും തീരുമാനിക്കട്ടെ. എന്താ, ശരിയല്ലേ ?

Posted By:

Abdulla Drocer

Monday 23 March 2015

ആപേക്ഷികാദാരിദ്ര്യം..!

ആപേക്ഷികാദാരിദ്ര്യം..!

കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ Entrepreneurമായി (ആള്‍ എന്റെ ബന്ധുവാണ്) സംസാരിച്ചിരിക്കുന്നതിനിടെ അദ്ദേഹം ആണ് ഈ 'ആപേക്ഷികാദാരിദ്ര്യം'ത്തെ കുറിച്ച് രസകരമായി വിശദീകരിച്ചു തരുന്നത്..

അവര്‍ ചെയ്യുന്ന ചില സോഷ്യല്‍ സര്‍വീസസില്‍ പെട്ട, ബംഗാളില്‍ ഒരു ഗ്രാമം തന്നെ ഏറ്റെടുത്തു അവിടെ ഉള്ളവര്‍ക്ക് വീടുകള്‍ വച്ച് കൊടുക്കുകയൊക്കെ ചെയ്യുന്ന പദ്ദതിയുടെ ഭാഗമായി ബംഗാളിലെ ചില ഗ്രാമങ്ങളില്‍ പോവേണ്ടി വന്നപ്പോള്‍ കാണാറുള്ള സ്ഥിരം കാഴ്ച്ചയെ കുറിച്ച് അദ്ദേഹം പറഞ്ഞു തരികയുണ്ടായി.. മിക്ക ആളുകള്‍ക്കും നേരാംവണ്ണം ഒരു വീടില്ല.. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റം.. എല്ലാവരുടെയും ദിവസവരുമാനം മാക്സിമം 50 രൂപ.. ഉച്ചക്ക് രണ്ടു മണി ആയാല്‍ എല്ലാവരും ജോലി ഒക്കെ തീര്‍ത്തു നമ്മുടെ നാട്ടിലെ പോലെയുള്ള കലുങ്കുകളില്‍ ഇരുന്നു തമാശയും കളിയും ഒക്കെ പറഞ്ഞിരിക്കും.. പക്ഷെ രസം അതല്ല, അവര്‍ അവരുടെ ജീവിതത്തില്‍ വളരെയധികം സന്തുഷ്ടരാണ്.. ആരും ടെന്‍ഷന്‍ അടിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല.. കാരണം അവര്‍ക്കുള്ളത് ദാരിദ്ര്യം ആണ്.. എന്നാല്‍ ദാരിദ്ര്യത്തേക്കാള്‍ കഠിനം ആയ ഒന്നുണ്ട്.. അതാണ്‌ ആപേക്ഷികാദാരിദ്ര്യം..!!




നമുക്കൊക്കെ ഉള്ളത് അതാണ്‌.. അത് കൊണ്ടാണ് നമ്മള്‍ എല്ലാ സൌഭാഗ്യങ്ങളും ഇരുനിലവീടും ബ്രാന്‍ഡഡ് ക്ലോത്സും കാറും എല്ലാം ഉണ്ടായിട്ടും ടെന്ഷനുകളില്‍ ഉഴലുന്നതു.. ആ ബംഗാളി ഗ്രാമവാസികള്‍ ചുറ്റും നോല്‍ക്കുമ്പോള്‍ കാണുന്നത് അവരുടെ അതേ നിലവാരമുള്ള ആളുകള്‍, അതേ വലിപ്പമുള്ള വിടുകള്‍, എല്ലാവരും സമന്മാര്‍. അതിനപ്പുറത്തുള്ള ഒരു സൌഭാഗ്യം അവര്‍ക്കറിയില്ല, അവര്‍ കണ്ടിട്ടില്ല.. സൊ ദേ ആര്‍ ഹാപ്പി വിത്ത്‌ ദെയര്‍ ലൈഫ്.. എന്നാല്‍ നമ്മളോ, നമ്മളെക്കാള്‍ പണം ഉള്ളവനെ നോക്കി സ്വയം ദരിദ്രന്‍ ആവാന്‍ വേണ്ടി കഷ്ട്ടപ്പെടുകയാണ്.. നമ്മളാരും തന്നെ ജോലി ചെയ്യുന്നത് മനുഷ്യന്റെ ബേസിക് നീഡ്സ് അയ ഫുഡ്‌, ക്ലോത്സ്, ഷെല്‍ട്ടര്‍ എന്നിവയ്ക്ക് വേണ്ടിയല്ല എന്നതാണു രസകരം.. 

അടുത്തുള്ളവനേക്കാള്‍ വലിയ മാളിക കെട്ടാന്‍, അവനെക്കാള്‍ വിലകൂടിയ വാഹനങ്ങള്‍ നേടാന്‍, അവര്‍ നടത്തിയ കല്യാണത്തേക്കാള്‍ ആഡംബരത്തോടെ കല്യാണം നടത്താന്‍.. 
അതിനു കഴിയാതെ വരുമ്പോള്‍ നാം ടെന്‍ഷന്‍ ആവുന്നു, നാം നമ്മുടെ മനസ്സില്‍ ദരിദ്രര്‍ ആവുന്നു.. ആപേക്ഷികാദാരിദ്ര്യം..!

അതിനെ മറികടക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴാണ് നമുക്ക് ചിലപ്പോള്‍ ഒരേ സമയം ലാപ്ടോപ്പും ഡസ്ക്ടോപ്പും ടാബ്ലറ്റും സ്മാര്‍ട്ട് ഫോണും (ഫോണ്‍ അടിക്കടി മാറ്റികൊണ്ടിരിക്കുകയും വേണം) ഒക്കെ ഉപയോഗിക്കേണ്ടി വരുന്നത്.. അതിനെ മറികടക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴാണ് സാധാരണക്കാര്‍ക്ക് വരെ നാല് പേര്‍ക്ക് താമസിക്കാന്‍ നാലായിരം സ്കൊയര്‍ ഫീറ്റില്‍ വീട് പണിയേണ്ടി വരുന്നത്.. നാലഞ്ചു വിഭവങ്ങളും വച്ച് രണ്ടായിരം പേരെ വിളിച്ചു കല്യാണം നടത്തേണ്ടി വരുന്നത്.. (ഇതിലെ മറ്റൊരു തമാശ എന്തെന്ന് വച്ചാല്‍ കല്യാണത്തിന് വരുന്നവരില്‍ ഭൂരിഭാഗം പേരെയും നമ്മള്‍ അടുത്ത ബന്ധുക്കള്‍ ആയതു കൊണ്ടല്ല, 'ഓ പണ്ടാറം.. ഇനി അവരെയും വിളിക്കണമല്ലോ.. എങ്ങനെയാ വിളിക്ക്യാതിരിക്ക്യാ.? 
അവരെയൊക്കെ വിളിച്ചില്ലെങ്കില്‍ മോശം ആവില്ലേ? കല്യാണത്തിന് ആള് കുറഞ്ഞാല്‍ അതൊരു കുറച്ചില്‍ ആവില്ലേ' എന്നൊക്കെ കരുതിയാണ് വിളിക്കുന്നത്.. അവര്‍ വരുന്നതോ, 'ഓ, നമ്മളെയും വിളിച്ചിട്ടുണ്ട്. പണ്ടാറം എങ്ങനെയാ പോവാതിരിക്ക്യാ' എന്ന് കരുതിയാ.. എന്ന് വച്ചാല്‍ വിളിക്കുന്നവനും വിളിക്കപ്പെടുന്നവനും താല്‍പ്പര്യമില്ല.. 

മുസ്ലിം സമുദായത്തിലാണ് ഈ പ്രശ്നം കൂടുതലെന്നു തോന്നുന്നു.. പള്ളികള്‍ക്ക് വരെയുണ്ട് ഈ 'ദാരിദ്ര്യം'.. അടുത്തുള്ള സംഘടനാക്കാരന്റെ പള്ളിയെക്കാള്‍ മനോഹരവും ആഡംബരവും ആയിരിക്കണം നമ്മുടെ പള്ളി എന്ന ചിന്ത (അടുത്തിടെ പെരുമ്പാവൂരിലെ ഒരു പള്ളിപുതുക്കി പണിയാന്‍ ആറുകോടി ആണ് ചിലവഴിച്ചത്).. ഒരു റമളാന്‍ ആകുമ്പോള്‍ പള്ളി മൊത്തം കുത്തിപ്പൊളിച്ചു മാര്‍ബൊണൈറ്റ് ഇടും.. അടുത്ത റമളാന്‍ ആകുമ്പോള്‍ അത് മൊത്തം കുത്തിപ്പൊളിച്ചു വിലകൂടിയ മാര്‍ബിള്‍ ഇടും.. എന്നിട്ട് ആ മാര്‍ബിളിന്റെ മേലെ വിലകൂടിയ കാര്‍പ്പറ്റും വിരിക്കും.. (ഇത്രയും മനോഹരമായ കാര്‍പ്പറ്റ് വിരിക്കാന്‍ ആണെങ്കില്‍ പിന്നെ എന്തിനാ മാര്‍ബിള്‍ ഇടുന്നത് എന്നത് എനിക്കിത് വരെ ഉത്തരം കിട്ടാത്ത സംശയമാണ്.. മുസ്ലിം സ്ത്രീകള്‍ പതിനായിരം രൂപയുടെ സാരി ഇട്ടിട്ടു അതിന്റെ മേലെ മൂവായിരം രൂപയുടെ പര്‍ദ്ദ ഇടുന്നത് പോലെ.. 

എല്ലാവരുടെയും പ്രശ്നം കൂടുതല്‍ സമ്പന്നന്‍ ആയവനെ നോക്കി സ്വയം ദരിദ്രന്‍ ആയി വിലയിരുത്തുക എന്നതാണ്.. ആപേക്ഷികാദാരിദ്ര്യം..!
---------------
ഇബ്രാഹിം ബിന്‍ അദ്ഹം എന്ന സൂഫിവര്യന് ഒരിക്കല്‍ ഒരു ധനികന്‍ കുറച്ചു പണം ദാനമായി നല്‍കുകയുണ്ടായി.. ഇബ്രാഹിം ബിന്‍ അദ്ഹം അത് നിരസിച്ചു കൊണ്ട് പറഞ്ഞു: "വേണ്ട, ഞാന്‍ ആവശ്യക്കാരില്‍ നിന്നും ദാനം സ്വീകരിക്കാറില്ല.." ഇത് കേട്ടു ആ ധനികന്‍ അത്ഭുതപ്പെട്ടു കൊണ്ട് പറഞ്ഞോ? "ഞാന്‍ ആവശ്യക്കാരനോ? എന്റെ കയ്യില്‍ ഇഷ്ടം പോലെ സമ്പത്ത് ഉണ്ട്. ഞാനീ നാട്ടിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ്. താങ്കള്‍ക്കും അത് അറിയാവുന്നതല്ലേ?".. ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഇബ്രാഹിം ബിന്‍ അദ്ഹം മറുപടി പറഞ്ഞു: "പക്ഷെ താങ്കളിപ്പോഴും അതില്‍ തൃപ്തനാവാതെ ഇനിയും ഒരുപാട് സമ്പത്ത് ഉണ്ടാക്കാനായി നെട്ടോട്ടം ഓടുകയാണ്. ഞാനാകട്ടെ, എനിക്കുള്ള സമ്പത്തില്‍ തൃപ്തനും.. അതുകൊണ്ട് എന്നെക്കാള്‍ ഈ പണത്തിനു ആവശ്യക്കാരന്‍ നിങ്ങള്‍ തന്നെ.."

Posted By:

Sunday 18 January 2015

മുഹമ്മദ്‌ ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു?

മുഹമ്മദ്‌ ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു?

മുഹമ്മദ്‌ ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു?


ഇങ്ങനെയൊരു ചോദ്യം മുഹമ്മദിന്റെ പ്രവാചകത്വതില്‍ വിശ്വസിക്കാത്തവര്‍ നേരിട്ടുണ്ടാകുമോ? മുഹമ്മദ്‌ നബി വീണ്ടും അവഹേളിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ ഇത്തരം ഒരു ചോദ്യത്തിന് പ്രസക്തിയില്ലേ?

മുഹമ്മദ്‌ ചരിത്രപുരുഷന്‍ ആണ്.. പതിനാലു നൂറ്റാണ്ടു മുമ്പ് അദ്ദേഹം മക്കയില്‍ ജനിച്ചു എന്നതും അദ്ദേഹം ആണ് ഖുര്‍ആന്‍ എന്ന ഗ്രന്ഥവുമായി വന്നത് എന്നും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം അറേബ്യയും കടന്നു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പരന്നൊഴുകി എന്നതും ആ ആദര്‍ശം നൂറ്റാണ്ടുകളോളം ഒരു ലോകശക്തി ആയി നിലകൊണ്ടിരുന്നു എന്നതുമെല്ലാം ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ ആണ്.. അദ്ദേഹം ദൈവത്താല്‍ നിയോഗിതനായ ദൂതന്‍ ആണെന്ന് വിശ്വസിക്കുന്നവര്‍ മുസ്ലിം സമുദായം ആയി നിലകൊള്ളുന്നു.. എന്റെ ചോദ്യം അവരോടല്ല, മുഹമ്മദ്‌ ദൈവദൂതന്‍ അല്ല എന്ന് വിശ്വസിക്കുന്നവരോടാണ്.. മുഹമ്മദ്‌ ദൈവദൂതന്‍ അല്ല എന്ന് വിശ്വസിക്കുന്നവരില്‍ തന്നെ അദ്ദേഹത്തെ ആദരിക്കുന്നവരും നിന്ദിക്കുന്നവരും ഉണ്ട്.. സ്നേഹിക്കുന്നവരും വെറുക്കുന്നവരും ഉണ്ട്.. എന്റെ ചോദ്യം തല്‍ക്കാലം നബിയെ ശത്രുവായി കാണുന്നവരോട് മാത്രമാണ്.. നബിയെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരോടാണ്.. പറയൂ.. മുഹമ്മദ്‌ ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? പതിനാലു നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ എന്ന ഗ്രന്ഥവുമായി അദേഹം വന്നത് എന്തിനു വേണ്ടിയായിരുന്നു..? എന്താണ് നിങ്ങളുടെ ഉത്തരം? നിലപാട്? വ്യക്തമായ ഒരു ഉത്തരം നല്‍കാനുണ്ടോ?

ചിലര്‍ പറയുന്നു അദ്ദേഹം ഒരു കള്ളന്‍ ആണെന്ന്, പണത്തിനു വേണ്ടിയാണ് താന്‍ ദൈവദൂതന്‍ ആയെന്ന കള്ളം പറഞ്ഞത് എന്ന്.. എത്രത്തോളം ബാലിശം ആണാ വാദം.. നബി തന്റെ പ്രബോധനം തുടങ്ങിയ കാലം തന്നെ അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ അധികാരങ്ങള്‍ ഒലിച്ചു പോകുന്നത് കണ്ട ഖുറൈഷി പ്രഭുക്കന്മാര്‍ അദ്ദേഹത്തിന്റെ മുന്നില്‍ നല്ലൊരു വാഗ്ദാനം വച്ചിരുന്നു.. 'മുഹമ്മദേ, നിനക്ക് പണം ആണ് വേണ്ടതെങ്കില്‍ ഗജനാവുകള്‍ നിന്റെ മുന്നില്‍ ഞാന്‍ വയ്ക്കാം, അതല്ല നിനക്ക് വേണ്ടത് അധികാരം ആണെങ്കില്‍ നിന്നെ ഞങ്ങള്‍ ഞങ്ങളുടെ നേതാവാക്കാം, അതല്ല നിനക്ക് രാജാവ് ആണ് ആവേണ്ടതെങ്കില്‍ നിന്നെ ഞങ്ങള്‍ ഞങ്ങളുടെ രാജാവാക്കാം, നിനക്ക് സ്ത്രീകളെ ആണ് വേണ്ടതെങ്കില്‍ സുന്ദരികളായ സ്ത്രീകളെ നിനക്ക് ഞങ്ങള്‍ ഭാര്യമാരാക്കി തരാം. എന്നാലെങ്കിലും നീ നിന്റെ പുതിയ മതം അവസാനിപ്പിക്ക്' .. ഈ മോഹനവാഗ്ദാനത്തെ പുല്ലു പോലെ തട്ടിത്തെറിപ്പിച്ചു കളഞ്ഞ നബി ഒരുപാട് പണത്തിനു വേണ്ടിയാണ് ദൈവദൂതന്‍ എന്ന അവകാശം ഉന്നയിച്ചത് എന്നത് എത്രത്തോളം മണ്ടത്തരം ആണ്.. മാത്രമോ, എന്നും അദ്ദേഹം പട്ടിണിയില്‍ കഴിഞ്ഞു. മദീനയുടെ ഭരണാധികാരി ആയിരുന്ന കാലത്ത് പോലും വിശപ്പ്‌ സഹിക്കാതെ വയറ്റത്ത് കല്ലുവച്ച് കെട്ടി നടന്നു.. അറേബിയയുടെ മുഴുവന്‍ ഭരണാധികാരി ആയ കാലത്തും വീട്ടില്‍ വിളക്കില്‍ എണ്ണ ഒഴിക്കാനുള്ള പണം പോലുമില്ലാതെ ജീവിച്ചു.. ജീവിതകാലം മുഴുവന്‍ കീറിത്തുന്നിയ വസ്ത്രങ്ങളും പിന്നിയ പാദരക്ഷകളും ഈന്തപ്പനയോല കൊണ്ട് മേഞ്ഞ പായയില്‍ കിടന്നും ഒരു ദരിദ്രന്‍ ആയി ജീവിച്ചു.. മരണപ്പെട്ടപ്പോള്‍ പോലും അനന്തരവകാശികള്‍ക്കായി ഒന്നും ബാക്കി വച്ചില്ല.. പണത്തിനു വേണ്ടി കളവു പറഞ്ഞ ആള്‍ ഇങ്ങനെയാണോ ജീവിക്കുക..? കിട്ടിയ ഓഫറുകള്‍ തള്ളികളഞ്ഞു കൊണ്ട് ദുരിതപൂര്‍ണ്ണമായ ജീവിതം ആണോ തെരഞ്ഞെടുക്കുക..?

മറ്റു ചിലരുടെ ആരോപണം അദ്ദേഹം നേതാവ് ആവാനും അധികാരം ലഭിക്കാനും വേണ്ടിയൊക്കെ ആണ് ദൈവദൂതന്‍ എന്ന അവകാശം ഉന്നയിച്ചത് എന്നാണു.. അതിനും ഉത്തരം മേലെ പറഞ്ഞത് തന്നെ.. ഇത് തുടങ്ങിയ കാലത്ത് തന്നെ നേതാവോ രാജാവോ ആവാനുള്ള ഓഫര്‍ പുല്ലുപോലെ നിരസിച്ചതാണ് നബി.. എന്നിട്ട് പിന്നീടെപ്പോഴോ നേടാന്‍ പോകുന്ന അധികാരത്തിനു വേണ്ടി വര്‍ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിച്ചു എന്നതൊക്കെ ലോജികല്‍ ആയി തോന്നുന്നുണ്ടോ? അല്ലെങ്കിലും അധികാരം കൊണ്ട് നബി എന്ത് സുഖം ആണ് നേടിയെടുത്തത്..? അങ്ങേയറ്റം ലളിതപൂര്‍ണ്ണമായ ജീവിതം. മദീനയിലെ ഏറ്റവും സാധാരണക്കാരന്‍റെതിനേക്കാള്‍ മോശമായ വീട്. തന്നെ കാണുമ്പോള്‍ ആദരപൂര്‍വ്വം എഴുന്നേറ്റു നില്‍ക്കേണ്ടതില്ല എന്ന നിര്‍ദ്ദേശം. ഞാന്‍ അറബികളുടെ രാജാവല്ല, ദൈവത്തിന്റെ ഒരു അടിമ മാത്രം എന്ന അധ്യാപനങ്ങള്‍.. പറയൂ, അധികാരത്തിനു വേണ്ടി കള്ളം പറയുന്ന ആള്‍ ആ അധികാരം ആദ്യം കിട്ടുമ്പോള്‍ വേണ്ടെന്നു വച്ച് പീഡനങ്ങള്‍ സഹിക്കുകയും പിന്നീട് കിട്ടുമ്പോള്‍ പോലും ആ അധികാരത്തിന്റെ സുഖസൌകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുമോ?

മറ്റൊരു ആരോപണം അദ്ദേഹം ഒരുപാട് സ്ത്രീകളെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് അവകാശവാദം ഉന്നയിച്ചത് എന്നാണു.. കൂട്ടത്തിലെ ഏറ്റവും മണ്ടന്‍ ആരോപണം ആണിത്.. കാരണം അന്നത്തെ അറേബ്യന്‍ സാഹചര്യത്തില്‍ ഒരുപാട് സ്ത്രീകളെ വിവാഹം കഴിക്കുക എന്നത് ഏതൊരാണിനും ചെയ്യാന്‍ കഴിയുന്ന ഒരു നിസ്സാരകാരമാണ്.. ബഹുഭാര്യത്വം അത്രത്തോളം അവിടെ സര്‍വ്വസാധാരണമാണ്.. പോരാത്തതിന് വ്യഭിചാരവും.. അബ്ദുല്‍ മുത്വലിബിന്റെ പേരമകനും സുന്ദരനും സത്യസന്ധനും നാട്ടുകാരുടെ വിശ്വസ്തനും കണ്ണിലുണ്ണിയും ആയ മുഹമ്മദിന് ഒരുപാട് സുന്ദരികളെ വേണം എന്നുണ്ടെങ്കില്‍ അത് എത്രയോ നിസ്സാരമായിരുന്നു.. അതിനു നബി എന്ന വാദം ഒന്നും വേണ്ട.. പോരാത്തതിന് ഇതും ശത്രുക്കളുടെ ആദ്യകാലഓഫറില്‍ ഉണ്ടായിരുന്നു.. ആ സുന്ദരിമാരെയും നബി വേണ്ടെന്നു വച്ചു.. എന്നിട്ട് വിവാഹം കഴിച്ചതോ? തന്നെക്കാള്‍ പതിനഞ്ചു വയസ്സ് മൂപ്പുള്ള ഖദീജയെ..വൃദ്ധയും തടിച്ചിയും ആയ സൌദയെ, കാണാന്‍ ആകര്‍ഷണീയയല്ലാത്ത ഹഫ്സയെ.. കല്യാണം കഴിച്ചവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിധവകളോ വിവാഹമോചിതരോ ആയവര്‍.. സ്ത്രീകളെ കിട്ടാന്‍ വേണ്ടി പ്രവാചകത്വം അവകാശപ്പെട്ട ആള്‍ ഇങ്ങനെയാണോ ജീവിക്കുക..? അതും നബി ആവുന്നതിനു മുമ്പും നബി ആയ ശേഷവും സുന്ദരികളെയും പ്രഭ്വികളെയും ലഭിക്കുക എന്നത് വളരെ എളുപ്പം ആയ കാര്യമായിരുന്നിട്ടു കൂടി..

വേറൊരു ആരോപണം നബി schizophrenic ആണെന്നതാണ്.. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മാനസികരോഗി.. വെളിപാടുകള്‍ ഒരു ഭ്രാന്തന്റെ തോന്നലുകള്‍ മാത്രമായിരുന്നു എന്ന്.. അറബി ഭാഷയില്‍ കഴിഞ്ഞ പതിനാലു നൂറ്റാണ്ടായി അത്ഭുതം ആയി നിലനില്‍ക്കുന്ന സാഹിത്യം ഒരു ഭ്രാന്തന്റെ ജല്‍പ്പനങ്ങള്‍ ആണെന്ന് പറയുന്നവരല്ലേ സത്യത്തില്‍ ഭ്രാന്തന്മാര്‍..? റോമാപേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ കൊടി കുത്തി വാണ ലോകത്തില്‍ അവരെ കീഴടക്കും എന്ന് പ്രവചിച്ചു കൊണ്ട് തുടങ്ങിയ, വിരലില്‍ എണ്ണാവുന്ന അടിമകളില്‍ നിന്നും ലക്ഷകണക്കിന് നീണ്ടു നിന്ന അനുയായികളെ സൃഷ്ടിച്ചു അറേബ്യയുടെ ഭരണാധികാരി ആയി മാറിയ, സാമ്രാജ്യത്വങ്ങളെ തകര്‍ത്തെറിഞ്ഞ വിപ്ലവത്തിന്റെ നായകനായ, മദ്യപാനവും വ്യഭിചാരവും പലിശയും മാരണവും ചൂഷണവും ഒരു വലിയ ഭൂപ്രദേശത്ത് കാലങ്ങളോളം ഇല്ലാതാക്കിയ വിമോചകന്‍, ഇന്നും കോടിക്കണക്കിനു ആളുകളുടെ നേതാവായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന, തോമസ്‌ കാര്‍ലൈലും ഗാന്ധിജിയും ലാമാര്‍ട്ടിനും ഒ വി വിജയനും വൈക്കം മുഹമ്മദ്‌ ബഷീറും എല്ലാം വാനോളം പുകഴ്ത്തിയ ഒരു മനുഷ്യന്‍ ഭ്രാന്തന്‍ ആയിരുന്നു എന്ന് വിശ്വസിക്കുന്നത് തന്നെ വലിയൊരു ഭ്രാന്ത് അല്ലെ?

അത് കൊണ്ടാണ് ചോദിക്കുന്നത്.. ലോജികല്‍ ആയ എന്തെങ്കിലും ഒരു ഉത്തരം നല്‍കാനുണ്ടോ? പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ച ആ വിപ്ലവനായകന്‍ ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? താന്‍ ദൈവദൂതന്‍ എന്ന്, തന്റെ കയ്യിലെ ഗ്രന്ഥം ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് അവകാശപ്പെട്ടത് എന്ത് നേട്ടത്തിന് വേണ്ടിയായിരുന്നു? വ്യക്തമായ ഒരു ഉത്തരം തെളിവ് സഹിതം സമര്‍ഥിക്കാന്‍ ഉണ്ടോ? കയ്യിലുള്ള ഹദീസുകളുടെ ഭാണ്ഡക്കെട്ട് കമന്റ്സില്‍ കൊട്ടിയിടാതെ വ്യക്തമായ ഒരു മറുപടി നല്‍കാമോ? അവഹേളനങ്ങളും നിന്ദകളും ചൊരിയുന്നവര്‍ക്ക് അദ്ദേഹം ആരാണ് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു നിലപാട് പറയാനുണ്ടോ?

മുഹമ്മദിന്റെ അനുയായി വെല്ലുവിളിക്കുന്നു...

Posted By: 
Ramees Mohamed O

Saturday 17 January 2015

ഫ്രാൻസിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഇരട്ടത്താപ്പ് !!

ഫ്രാൻസിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഇരട്ടത്താപ്പ് !!


ഫ്രാൻസിലെ അഭിപ്രായ സ്വാതന്ത്ര്യമെന്ന ഉമ്മാക്കി !! 

ഏകദേശം അഞ്ച് കൊല്ലം മുൻപ് എന്റെ യൂറ്റൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ആണിത് (http://goo.gl/8ouI5T) .. ഇന്നും തികച്ചും പ്രസക്തം!

ഫ്രാൻസിലെ 'France 2' ചാനലിൽ നടന്ന രണ്ട് വ്യത്യസ്ഥ ഇന്റർവ്യൂകൾ ആണ് ഇതിലുള്ളത്.. ഒന്ന് ഇസ്‌ലാമിനേയും പ്രവാചകനേയും ഒക്കെ അവഹേളിക്കുന്നതിന്റെ പശ്ചാത്തലത്തിലും, മറ്റേത് ജൂതന്മാരേയും ഇസ്രായേലിനേയും അവഹേളിക്കുന്ന പശ്ചാത്തലത്തിലും ചെയ്തത്.. 

ആദ്യത്തേതിൽ എന്തിനേയും ഏതിനേയും വിമർശിക്കാനും അവഹേളിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റി ഒരാൾ വാചാലനാകുന്നുണ്ട്, അതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്ന് അവതാരകനും സമ്മതിക്കുന്നു.. മുസ്ലീങ്ങളെ വേദനിപ്പിക്കും എന്നത് കൊണ്ട് പ്രവാചകന്റെ കാർട്ടൂൺ വരക്കാതിരിക്കുകയാണെങ്കിൽ അത് സെൽഫ് സെൻസറിങ്ങ് ആണ്, മുഹമ്മദിന്റെയോ, യേശുവിന്റേയോ, ഒരു റബ്ബൈയുടേയോ കാർട്ടൂൺ വരക്കണെമെന്ന് എനിക്ക് തോന്നിയാൽ അത് ചെയ്യാൻ പറ്റണം.. ഇത് ഫ്രാൻസ് ആണ് ! എന്നുമൊക്കെ അവതാരകൻ കത്തിക്കയറുന്നുണ്ട്. 

മില്ല്യൺ കണക്കിന് ആളുകളെ നോവിക്കുന്നെങ്കിൽ എന്തിനാണ് ഇതുപോലുള്ള സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് എന്നൊക്കെ മറ്റൊരാൾ ചോദിക്കുന്നുണ്ടെങ്കിലും, അവതാരകൻ അതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ, എന്നൊക്കെ പറഞ്ഞ് പൊതു ബോധത്തെ തൃപ്തിപ്പെടുത്തുന്നു. 

ഇനി ഇതേ ചാനലിലെ മറ്റൊരു ഇന്റെർവ്യൂവിൽ ഇതേ അവതാരകൻ തന്നെ ഡ്യുഡോണേ എന്ന കൊമേഡിയൻ ഒരു യാധാസ്ഥിതിക ജൂതന്റെ വേഷം അഭിനയിച്ചതിനെതിരെ രൂക്ഷമായി കത്തിക്കയറുന്ന രംഗമാണ് കാണുന്നത്.. തുടക്കം മുതൽ തന്നെ അയാളെ കൊണ്ട് മാപ്പ് പറയിക്കാൻ അവതാരകൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.. ഇത് തന്റെ ജോലിയാണ്, കഥാപാത്രം ആവശ്യപ്പെടുന്നു എന്നൊക്കെ ഡ്യുഡോണേ പറഞ്ഞു നോക്കിയെങ്കിലും, ഞെട്ടിപ്പിക്കുന്നതും ഒരിക്കലും മാപ്പർഹിക്കാത്തതുമായ കാര്യമാണ് താൻ ചെയ്തത് എന്നാണ് അവതാരകൻ പറഞ്ഞത്. 

അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ... ഹോളോകോസ്റ്റ് ഒക്കെ ഉണ്ടായത് കൊണ്ട് ഇതുപോലെയൊക്കെ ചെയ്യുന്നത് പ്രശ്നമാണ് അതു കൊണ്ട് തനിക്ക് അഭിപ്രായ സ്വാന്ത്ര്യമില്ല, എന്ന് നേരത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി തേരോട്ടം നടത്തിയ അതേ അവതാരകൻ തന്നെ വിശദീകരിച്ച് നൽകുന്നു.. 

400 കൊല്ലം കറുത്ത വർഗ്ഗക്കാരെ അടിമകളായി നാം കയറ്റി അയച്ചിട്ടും അവരെ പറ്റി കോമഡി ചെയ്താൽ ആരും തടയുന്നില്ല, കുരങ്ങന്റെ വേഷം ധരിച്ച് കണ്ണടയും വച്ച് കറുത്ത വർഗ്ഗക്കാരനായി കോമഡി അഭിനയച്ച ആളെ പോലും ആരും തടയുകയോ വിമർശിക്കുകയോ ചെയ്തില്ല.. എല്ലാവരും അയാളെ ഹീറോ ആക്കി കൊണ്ട് നടക്കുകയും ചെയ്തു.. എന്നൊക്കെ വിശദമായി തന്നെ ഡ്യുഡോണേ അവതാരകന് മറുപടിയും കൊടുത്തു.. 

ഹോളോ കോസ്റ്റിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് "ഇസ്ര ഹൈൽ" എന്നൊക്കെ പറയുമ്പോൾ വേദനിക്കും, പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയുന്നില്ലേ എന്ന മുട്ടൻ ന്യായമാണ് അവതാരകൻ ആവർത്തിച്ച് ഇറക്കിയത്.. 

എല്ലാവരെ പറ്റിയും എനിക്ക് കോമഡി ചെയ്യാം, പക്ഷെ ഇസ്രയേലിനെ പറ്റി പറഞ്ഞാൽ മാത്രം ഭൂലോക പ്രശ്നമാകുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് ഡ്യുഡോണേ പറഞ്ഞപ്പോൾ, സത്യം പറഞ്ഞാൽ നിങ്ങൾ നല്ല കൊമേഡിയൻ ഒക്കെ ആണ്, പക്ഷെ ഇനി മേലാൽ നിങ്ങൾ ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെടില്ല എന്നാണ് അവതാരകൻ പറഞ്ഞ് നിർത്തിയത്.. 

എന്നെ വിളിച്ചിങ്കിലും പ്രശ്നമില്ല, എനിക്ക് എന്റെതായ അഭിമാനവും മനസ്സാക്ഷിയുമൊക്കെ ഉണ്ട്, അതെനിക്ക് തെറ്റിക്കാൻ പറ്റില്ല എന്ന് ഡ്യുഡോണേ പറഞ്ഞു നിർത്തി, ആ കരഘോഷത്തിന്റെ ഇടയിലും മാപ്പ് പറയിച്ച് വിടാൻ അവതാരകൻ അപ്പോഴും കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്.. 

അഭിപ്രായ സ്വാതന്ത്ര്യം എന്ന ഉമ്മാക്കി ആകെ ബാധകമാകുന്നത് മിക്കപ്പോഴും ഒരു വശത്ത് ചില വിഭാഗങ്ങളിൽ പെട്ടവർ മാത്രം ആകുമ്പോൾ മാത്രമാണ് എന്നാണ് ഇതുപോലുള്ള പല അനുഭവങ്ങളും പഠിപ്പിക്കുന്നത്.. ഇപ്പോൾ ഇതിന്റെ വക്താക്കളായി എല്ലാവരും കോണ്ട് നടക്കുന്ന ഷാര്‍ലി എബ്‌ദോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നു തെറ്റിധരിക്കരുത്. ജൂതവിരുദ്ധ കാർട്ടൂൺ വരച്ചു എന്നും പറഞ്ഞ് വിഖ്യാത ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് മോറിസ് സിനറ്റിനെ പിരിച്ചുവിട്ടവരാണ് ഈ ഷാര്‍ലി എബ്‌ദോ! അതിന്റെ പേരില്‍ മാപ്പു പറയാനും സിനെറ്റിനോട് പത്രാധിപര്‍ ഫിലിപ് വാള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 
എന്തായിരുന്നു അത്രയും ക്രൂരമായ ജൂതവിരുദ്ധത എന്നോ ? സർക്കോസിയുടെ മകൻ സാമ്പത്തിക കാരണം കൊണ്ട് ജൂത മതം സ്വീകരിക്കുന്ന ഒരു കാർട്ടൂൺ.. ലോകം കീഴ്മേൽ മറിയാൻ വേറെ എന്തെങ്കിലും വേണോ !! 

ഷാർളി എബ്ദോ സംഭവത്തിന് ശേഷം ഈ വീഡിയോയിൽ ഉള്ള അതേ ഡ്യുഡോണിനെ തന്നെ, ഞാൻ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു ഫേസ്ബുക്ക് കമന്റിന്റെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. “"Tonight, as far as I'm concerned, I feel like Charlie Coulibaly."” എന്നായിരുന്നു ആ കമന്റ്, ഷാർളി എബ്ദോയുടേയും അവിടെ അക്രമിച്ച ഒരാളുടേയും പേരുകൾ കൂട്ടി Charlie Coulibaly യെ പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത് എന്ന് പറഞ്ഞതാണ് കുറ്റം. ! സ്വന്തം രാജ്യത്ത് ഒരു തീവ്രവാദിയെ പോലെ തന്നെ അക്രമിക്കുന്നതിനെയാണ് അതിൽ പരാമർശിച്ചത്, എനിക്കും ഷാർളിയുടെ അതേ അവസ്ഥയാണ് എന്ന് ഡ്യുഡോൺ വിശദീകരിച്ചു. ഇത്രയൊക്കെയേ ഉള്ളൂ ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം.. അതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവൽ ഭടന്മാരുടെ സ്വന്തം നാട്ടിൽ !


16 യൂറോപ്യൻ രാജ്യങ്ങളിൽ ഹോളോക്കോസ്റ്റ് വിമർശനത്തിനെതിരെ നിയമങ്ങളുണ്ട് (http://goo.gl/2BKbqN), ഹോളോകോസ്റ്റിന്റെ ഔദ്യോഗിക കഥകളുടെ കൃത്യത ചോദ്യം ചെയ്താൽ പോലും കനത്ത പിഴയും, ജയിൽ ശിക്ഷയുമടക്കം ലഭിക്കാവുന്ന വളരെ ശക്തമായ നിയമങ്ങളാണ് പലയിടത്തുമുള്ളത്.. ജൂതന്മാരെ അവഹേളിക്കുന്നതോ നാസികളെ അനുകരികുന്നതോ ആയ ആംഗ്യം കാണിച്ചാൽ പോലും പലയിടത്തും വലിയ പ്രശ്നമാകും, മാധ്യമങ്ങൾ കൊടും കുറ്റമായി വിഷയമായി ഏറ്റേടുക്കുകയും ചെയ്യും. അമേരിക്കയിൽ ADL (Anti Defamation League) എന്ന സംഘടന മാധ്യമങ്ങളൂടേയും നിയമത്തിന്റെയും സഹായത്താൽ എല്ലാ തരത്തിലുള്ള നിസാര സംഭവങ്ങൾക്കെതിരെ പോലും ജൂതവിരുദ്ധത ആരോപിച്ച് ശക്തമായ പോരാട്ടം നടത്തുന്നവരാണ്.


യൂറോപ്യൻ യൂണിയൻ നിറം, ജാതി, മത, രാഷ്ട്ര, വംശീയ തലത്തിലുള്ള എല്ലാ അധിക്ഷേപങ്ങൾക്കുമെതിരെയുള്ള നിയമനിർമ്മാണം വരെ നടത്തിയിട്ടുണ്ട്. 
“The legislation calls for jail terms of as much as three years for "intentional conduct" that incites violence or hatred against a person's "race, color, religion, descent or national or ethnic origin." ”
———
പക്ഷെ ഈ ജാതിയും മതവും നിറവുമെല്ലാം അധിക്ഷേപിക്കുന്നതിനെതിരെയുള്ള നിയമം വരെ ഉണ്ടാക്കിയത് വെറും ജൂതവിരുദ്ധത തടയാൻ വേണ്ടി മാത്രമാണ് എന്നതാണ് വിരോധാഭാസം! ഈ വാർത്തയുടെ തലക്കെട്ട് തന്നെ “EU adopts measure outlawing Holocaust denial” എന്നാണ് (http://goo.gl/3DPkmG)..


എന്തായാലും അവസാനം ഫ്രാൻസിൽ ലോക നേതാക്കൾ പങ്കെടുത്ത അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള റാലിയാണ് ഏറ്റവും വലിയ കൊമഡി, സ്വന്തം രാജ്യത്ത് മാധ്യമങ്ങൾക്ക് വരെ വിലക്കിടുന്ന നേതാക്കന്മാരുടെ സമ്മേളനമായിരുന്നു അവിടെ കഴിഞ്ഞ ഫലസ്തീൻ അക്രമണത്തിൽ 17 പത്രപ്രവർത്തകരെ കൊന്ന നേതന്യാഹു വരെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമാധാന റാലിയിൽ മുൻ നിരയിൽ തന്നെ അണിനിരന്ന് പങ്കെടുത്തു എന്നതാണ് ഏറ്റവും വലിയ തമാശ !

Posted By: