Tuesday, 30 August 2016

കൊല്ലണ്ട, പട്ടിക്കെതിരെ കേസെടുത്താൽ മതി!


ക്രമണകാരികളായ പട്ടികളെ കൊല്ലുമെന്ന് മന്ത്രി കെ. ടി. ജലീൽ. അങ്ങനെയൊരു തീരുമാനം മന്ത്രിസഭ എടുത്തിട്ടുണ്ടെങ്കിൽ , അത്‌ നിയമ വിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്നും ദേശീയ മൃഗക്ഷേമ ബോർഡ്‌ ചെയർ മാൻ ഡോ. ആർ. എം. ഖർബ്‌. തെരുവു നായ്ക്കൾക്കെതിരെ മിണ്ടിപ്പോകരുതെന്ന് കേന്ദ്ര ശിശു വികസന വകുപ്പ്‌ മന്ത്രി മേനകാ ഗാന്ധി. കേന്ദ്രം ശബ്ദം ഉയർത്തിയപ്പോൾ കേരളം വാലു ചുരുട്ടി. നായ്ക്കളെ കൊല്ലാൻ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പൊതുജനത്തിനു പ്രസ്താവന യുദ്ധത്തിൽ താൽപ്പര്യമില്ല. മനുഷ്യൻ മനുഷ്യനെ ചീത്തവിളിച്ചാൽ കേസെടുക്കാൻ നിയമമുണ്ട്‌. ആണു പെണ്ണിനെ പതിനാലു സെക്കന്റ്‌ നോക്കിയാലും കേസെടുക്കാമെന്ന് പറയുന്നു. മനുഷ്യക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാർ സംവിധാനങ്ങളാണു മനുഷ്യർക്കെതിരെ കേസെടുക്കുന്നത്‌.



നാട്ടിൽ മൃഗക്ഷേമത്തിനു വേണ്ടിയും സംവിധാനങ്ങളുണ്ട്‌. മൃഗങ്ങൾക്ക്‌ പരിരക്ഷ നൽകുന്ന നിയമം, മൃഗങ്ങൾ അക്രമണകാരികൾ ആകുമ്പോൾ മൗനം പാലിക്കുന്നതിലെ ' മൃഗത്വം ' മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്‌. മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥ അക്രമകാരികളായ മൃഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടേ എന്ന് ഒരറ്റ ചോദ്യം.

കാടിറങ്ങി വന്ന് നാട്ടുകാരനെ കടിച്ച മൂർഖൻ പാമ്പിനേയും, കുത്തിമലർത്തിയ കാട്ടുപന്നിയേയും ജീവനോടെ പിടിച്ച്‌ കാട്ടിൽ കൊണ്ട്‌ വിടണം. അതിൽ മനുഷ്യന്റെ ജീവൻ പോയിട്ടുണ്ടെങ്കിൽ അതവന്റെ കുടുംബത്തിനു പോയി.
തെരുവു നായ്ക്കൾ ഒറ്റയ്ക്കും കൂട്ടമായും അക്രമിക്കാൻ വന്നാൽ , പിഞ്ചു കുഞ്ഞായാലും പടു വൃദ്ധരായാലും അനുനയിപ്പിച്ച്‌ അവകളെ പിന്തിരിപ്പിക്കണം. അല്ലെങ്കിൽ കടികൊണ്ട്‌ ആശുപത്രിയിൽ കിടക്കണം. അതുമല്ലെങ്കിൽ ജീവൻ വെടിഞ്ഞ്‌ പരലോകം പൂകണം. അതാണു മേനകാ ഗാന്ധി പറയാതെ പറഞ്ഞ്‌ വെച്ചതു.

അമ്പത്തി രണ്ടും അറുപത്തി ഏഴും അതിൽ ഏറ്റക്കുറവും വെട്ടുവെട്ടി മനുഷ്യരെ കൊല്ലുന്ന മനുഷ്യക്കുട്ടങ്ങളുണ്ട്‌. ആ മനുഷ്യക്കൂട്ടങ്ങളെ വന്ധ്യംകരണം ചെയ്യണമെന്ന് ഒരു മനുഷ്യസ്നേഹ വകുപ്പധികാരിയും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട്‌ തന്നെ തെരുവു നായ്ക്കളെ വന്ധ്യംകരണം ചെയ്തുകൊണ്ട്‌ അവയുടെ അക്രമ വാസന ഇല്ലായ്മ ചെയ്യാമെന്ന യുക്തി ബോധ്യപ്പെടുന്നുമില്ല.

മനുഷ്യക്ഷേമത്തിനു വേണ്ടിയാണു കേസും ജയിലും തൂക്ക്‌ കയറും ഉണ്ടാക്കിയത്‌. അപ്പോൾ മൃഗക്ഷേമത്തിനു വേണ്ടി അക്രമണകാരികളായ മൃഗങ്ങൾക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ടാകണം, അഥവാ ഉണ്ടാക്കണം. തെരുവ് നായ്ക്കൾ കൊന്നു തള്ളിയ ആടുകളുടെ കണക്കെടുക്കാൻ ഒരു ജുഡീഷ്യൽ കമ്മീഷനുമാകാം.

തെരുവിൽ സംഘം ചേർന്ന് പരസ്പ്പരം കലഹിക്കുന്ന നായ്ക്കൾക്കെതിരെ കേസെടുത്തു കൊണ്ട്‌ , നായ്ക്കൾക്കെതിരെയുള്ള കേസ്‌ പരിപാരിപാടിയുടെ ഉത്ഘാടനം നിർവ്വഹിക്കാം. അതിനു ദേശീയ മൃഗക്ഷേമ വകുപ്പ്‌ ചെയർ മാനേയോ മറ്റോ കൊണ്ട്‌ വരാം.

തിരുവനന്തപുരം പുല്ലുവിളയിൽ അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്ന നായ്ക്കൂട്ടത്തിനു ജീവപര്യന്തം വേണോ വധശിക്ഷ വേണോ എന്ന് ഹൈക്കോടതി തീരുമാനിക്കട്ടെ. സുപ്രീം കോടതി വിധിക്ക്‌ ശേഷം നായ്ക്കൂട്ടത്തിനു മാപ്പ്‌ നൽകണമോ എന്ന് രാഷ്ട്രപതിയും തീരുമാനിക്കട്ടെ. എന്താ, ശരിയല്ലേ ?

Posted By:

Abdulla Drocer

SHARE THIS

Facebook Comment

0 comments: