Monday, 23 March 2015

ആപേക്ഷികാദാരിദ്ര്യം..!

കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ Entrepreneurമായി (ആള്‍ എന്റെ ബന്ധുവാണ്) സംസാരിച്ചിരിക്കുന്നതിനിടെ അദ്ദേഹം ആണ് ഈ 'ആപേക്ഷികാദാരിദ്ര്യം'ത്തെ കുറിച്ച് രസകരമായി വിശദീകരിച്ചു തരുന്നത്..

അവര്‍ ചെയ്യുന്ന ചില സോഷ്യല്‍ സര്‍വീസസില്‍ പെട്ട, ബംഗാളില്‍ ഒരു ഗ്രാമം തന്നെ ഏറ്റെടുത്തു അവിടെ ഉള്ളവര്‍ക്ക് വീടുകള്‍ വച്ച് കൊടുക്കുകയൊക്കെ ചെയ്യുന്ന പദ്ദതിയുടെ ഭാഗമായി ബംഗാളിലെ ചില ഗ്രാമങ്ങളില്‍ പോവേണ്ടി വന്നപ്പോള്‍ കാണാറുള്ള സ്ഥിരം കാഴ്ച്ചയെ കുറിച്ച് അദ്ദേഹം പറഞ്ഞു തരികയുണ്ടായി.. മിക്ക ആളുകള്‍ക്കും നേരാംവണ്ണം ഒരു വീടില്ല.. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റം.. എല്ലാവരുടെയും ദിവസവരുമാനം മാക്സിമം 50 രൂപ.. ഉച്ചക്ക് രണ്ടു മണി ആയാല്‍ എല്ലാവരും ജോലി ഒക്കെ തീര്‍ത്തു നമ്മുടെ നാട്ടിലെ പോലെയുള്ള കലുങ്കുകളില്‍ ഇരുന്നു തമാശയും കളിയും ഒക്കെ പറഞ്ഞിരിക്കും.. പക്ഷെ രസം അതല്ല, അവര്‍ അവരുടെ ജീവിതത്തില്‍ വളരെയധികം സന്തുഷ്ടരാണ്.. ആരും ടെന്‍ഷന്‍ അടിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല.. കാരണം അവര്‍ക്കുള്ളത് ദാരിദ്ര്യം ആണ്.. എന്നാല്‍ ദാരിദ്ര്യത്തേക്കാള്‍ കഠിനം ആയ ഒന്നുണ്ട്.. അതാണ്‌ ആപേക്ഷികാദാരിദ്ര്യം..!!




നമുക്കൊക്കെ ഉള്ളത് അതാണ്‌.. അത് കൊണ്ടാണ് നമ്മള്‍ എല്ലാ സൌഭാഗ്യങ്ങളും ഇരുനിലവീടും ബ്രാന്‍ഡഡ് ക്ലോത്സും കാറും എല്ലാം ഉണ്ടായിട്ടും ടെന്ഷനുകളില്‍ ഉഴലുന്നതു.. ആ ബംഗാളി ഗ്രാമവാസികള്‍ ചുറ്റും നോല്‍ക്കുമ്പോള്‍ കാണുന്നത് അവരുടെ അതേ നിലവാരമുള്ള ആളുകള്‍, അതേ വലിപ്പമുള്ള വിടുകള്‍, എല്ലാവരും സമന്മാര്‍. അതിനപ്പുറത്തുള്ള ഒരു സൌഭാഗ്യം അവര്‍ക്കറിയില്ല, അവര്‍ കണ്ടിട്ടില്ല.. സൊ ദേ ആര്‍ ഹാപ്പി വിത്ത്‌ ദെയര്‍ ലൈഫ്.. എന്നാല്‍ നമ്മളോ, നമ്മളെക്കാള്‍ പണം ഉള്ളവനെ നോക്കി സ്വയം ദരിദ്രന്‍ ആവാന്‍ വേണ്ടി കഷ്ട്ടപ്പെടുകയാണ്.. നമ്മളാരും തന്നെ ജോലി ചെയ്യുന്നത് മനുഷ്യന്റെ ബേസിക് നീഡ്സ് അയ ഫുഡ്‌, ക്ലോത്സ്, ഷെല്‍ട്ടര്‍ എന്നിവയ്ക്ക് വേണ്ടിയല്ല എന്നതാണു രസകരം.. 

അടുത്തുള്ളവനേക്കാള്‍ വലിയ മാളിക കെട്ടാന്‍, അവനെക്കാള്‍ വിലകൂടിയ വാഹനങ്ങള്‍ നേടാന്‍, അവര്‍ നടത്തിയ കല്യാണത്തേക്കാള്‍ ആഡംബരത്തോടെ കല്യാണം നടത്താന്‍.. 
അതിനു കഴിയാതെ വരുമ്പോള്‍ നാം ടെന്‍ഷന്‍ ആവുന്നു, നാം നമ്മുടെ മനസ്സില്‍ ദരിദ്രര്‍ ആവുന്നു.. ആപേക്ഷികാദാരിദ്ര്യം..!

അതിനെ മറികടക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴാണ് നമുക്ക് ചിലപ്പോള്‍ ഒരേ സമയം ലാപ്ടോപ്പും ഡസ്ക്ടോപ്പും ടാബ്ലറ്റും സ്മാര്‍ട്ട് ഫോണും (ഫോണ്‍ അടിക്കടി മാറ്റികൊണ്ടിരിക്കുകയും വേണം) ഒക്കെ ഉപയോഗിക്കേണ്ടി വരുന്നത്.. അതിനെ മറികടക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴാണ് സാധാരണക്കാര്‍ക്ക് വരെ നാല് പേര്‍ക്ക് താമസിക്കാന്‍ നാലായിരം സ്കൊയര്‍ ഫീറ്റില്‍ വീട് പണിയേണ്ടി വരുന്നത്.. നാലഞ്ചു വിഭവങ്ങളും വച്ച് രണ്ടായിരം പേരെ വിളിച്ചു കല്യാണം നടത്തേണ്ടി വരുന്നത്.. (ഇതിലെ മറ്റൊരു തമാശ എന്തെന്ന് വച്ചാല്‍ കല്യാണത്തിന് വരുന്നവരില്‍ ഭൂരിഭാഗം പേരെയും നമ്മള്‍ അടുത്ത ബന്ധുക്കള്‍ ആയതു കൊണ്ടല്ല, 'ഓ പണ്ടാറം.. ഇനി അവരെയും വിളിക്കണമല്ലോ.. എങ്ങനെയാ വിളിക്ക്യാതിരിക്ക്യാ.? 
അവരെയൊക്കെ വിളിച്ചില്ലെങ്കില്‍ മോശം ആവില്ലേ? കല്യാണത്തിന് ആള് കുറഞ്ഞാല്‍ അതൊരു കുറച്ചില്‍ ആവില്ലേ' എന്നൊക്കെ കരുതിയാണ് വിളിക്കുന്നത്.. അവര്‍ വരുന്നതോ, 'ഓ, നമ്മളെയും വിളിച്ചിട്ടുണ്ട്. പണ്ടാറം എങ്ങനെയാ പോവാതിരിക്ക്യാ' എന്ന് കരുതിയാ.. എന്ന് വച്ചാല്‍ വിളിക്കുന്നവനും വിളിക്കപ്പെടുന്നവനും താല്‍പ്പര്യമില്ല.. 

മുസ്ലിം സമുദായത്തിലാണ് ഈ പ്രശ്നം കൂടുതലെന്നു തോന്നുന്നു.. പള്ളികള്‍ക്ക് വരെയുണ്ട് ഈ 'ദാരിദ്ര്യം'.. അടുത്തുള്ള സംഘടനാക്കാരന്റെ പള്ളിയെക്കാള്‍ മനോഹരവും ആഡംബരവും ആയിരിക്കണം നമ്മുടെ പള്ളി എന്ന ചിന്ത (അടുത്തിടെ പെരുമ്പാവൂരിലെ ഒരു പള്ളിപുതുക്കി പണിയാന്‍ ആറുകോടി ആണ് ചിലവഴിച്ചത്).. ഒരു റമളാന്‍ ആകുമ്പോള്‍ പള്ളി മൊത്തം കുത്തിപ്പൊളിച്ചു മാര്‍ബൊണൈറ്റ് ഇടും.. അടുത്ത റമളാന്‍ ആകുമ്പോള്‍ അത് മൊത്തം കുത്തിപ്പൊളിച്ചു വിലകൂടിയ മാര്‍ബിള്‍ ഇടും.. എന്നിട്ട് ആ മാര്‍ബിളിന്റെ മേലെ വിലകൂടിയ കാര്‍പ്പറ്റും വിരിക്കും.. (ഇത്രയും മനോഹരമായ കാര്‍പ്പറ്റ് വിരിക്കാന്‍ ആണെങ്കില്‍ പിന്നെ എന്തിനാ മാര്‍ബിള്‍ ഇടുന്നത് എന്നത് എനിക്കിത് വരെ ഉത്തരം കിട്ടാത്ത സംശയമാണ്.. മുസ്ലിം സ്ത്രീകള്‍ പതിനായിരം രൂപയുടെ സാരി ഇട്ടിട്ടു അതിന്റെ മേലെ മൂവായിരം രൂപയുടെ പര്‍ദ്ദ ഇടുന്നത് പോലെ.. 

എല്ലാവരുടെയും പ്രശ്നം കൂടുതല്‍ സമ്പന്നന്‍ ആയവനെ നോക്കി സ്വയം ദരിദ്രന്‍ ആയി വിലയിരുത്തുക എന്നതാണ്.. ആപേക്ഷികാദാരിദ്ര്യം..!
---------------
ഇബ്രാഹിം ബിന്‍ അദ്ഹം എന്ന സൂഫിവര്യന് ഒരിക്കല്‍ ഒരു ധനികന്‍ കുറച്ചു പണം ദാനമായി നല്‍കുകയുണ്ടായി.. ഇബ്രാഹിം ബിന്‍ അദ്ഹം അത് നിരസിച്ചു കൊണ്ട് പറഞ്ഞു: "വേണ്ട, ഞാന്‍ ആവശ്യക്കാരില്‍ നിന്നും ദാനം സ്വീകരിക്കാറില്ല.." ഇത് കേട്ടു ആ ധനികന്‍ അത്ഭുതപ്പെട്ടു കൊണ്ട് പറഞ്ഞോ? "ഞാന്‍ ആവശ്യക്കാരനോ? എന്റെ കയ്യില്‍ ഇഷ്ടം പോലെ സമ്പത്ത് ഉണ്ട്. ഞാനീ നാട്ടിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ്. താങ്കള്‍ക്കും അത് അറിയാവുന്നതല്ലേ?".. ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഇബ്രാഹിം ബിന്‍ അദ്ഹം മറുപടി പറഞ്ഞു: "പക്ഷെ താങ്കളിപ്പോഴും അതില്‍ തൃപ്തനാവാതെ ഇനിയും ഒരുപാട് സമ്പത്ത് ഉണ്ടാക്കാനായി നെട്ടോട്ടം ഓടുകയാണ്. ഞാനാകട്ടെ, എനിക്കുള്ള സമ്പത്തില്‍ തൃപ്തനും.. അതുകൊണ്ട് എന്നെക്കാള്‍ ഈ പണത്തിനു ആവശ്യക്കാരന്‍ നിങ്ങള്‍ തന്നെ.."

Posted By:


SHARE THIS

Facebook Comment

0 comments: